Monday, June 29, 2009

.............നിക്ക്‌ ഭ്രാന്താണു

അന്തിപ്പട്ടിണി കിടന്നവശനായി
അയഞ്ഞട്രൗസറിട്ടടുത്തിരുന്നവനു
അരച്ചോറുവേണന്ന ശാഠ്യം കണ്ട്‌
അമ്മയാണാദ്യം പറഞ്ഞത്‌
നിനക്ക്‌ ഭ്രാന്താണു
അവകാശികൾക്കായ്‌ വസ്തു വീതിക്കവേ
അമ്മായി പെറ്റനാഥകൾക്ക്‌
അനന്തരസ്വത്തിനായ്‌ വാശികണ്ട്‌
അഛനും പറഞ്ഞു ക്രുദ്ധനായി
നിനക്ക്‌ ഭ്രാന്താണു
ആരോരുമില്ലാത്തഗതിയായി
അഴകുള്ള പെണ്ണിനെ കണ്ട്‌ മുട്ടി
അരപ്പണം വാങ്ങാതെ താലി കെട്ടി
അന്നാണു കുടുംബമാകെപ്പറഞ്ഞത്‌
നിനക്ക്‌ ഭ്രാന്താണു
ആലംബഹീനനായരമതിൽ ചാരി
അഞ്ചു വയസ്സുള്ളോരസ്ഥികൂടം
അടുത്തുള്ളൊരോട്ടലിൽ നിന്നന്നം നൽകി
അന്നാണു നാട്ടാരെന്നെ പറഞ്ഞത്‌
നിനക്ക്‌ ഭ്രാന്താണു
അഛനമ്മമാർക്കേറെ പ്രായമായി
ആരെങ്കിലും തുണ വേണമെന്നായ്‌
അങ്ങോട്ടു തമസം മാറാനൊരുങ്ങി ഞാൻ
അന്നാണു ഭാര്യ അടക്കം പറഞ്ഞത്‌
നിങ്ങക്ക്‌ ഭ്രാന്താണു
ആദ്യത്തെ മോനമേരിക്കയിൽ
അബുദാബിയിൽ സ്ഥിരമായ്‌ കൊച്ചുമോനും
ആരെങ്കിലും വാ കാണട്ടെ ഞാനച്ചൻ
അന്നേരം ഫോണിലായവരും പറഞ്ഞു
നിങ്ങക്ക്‌ ഭ്രാന്താണു
അസ്ഥിയോടൊട്ടി ഞാനോരവസ്ഥയായി
ആസ്ഥിക്ക്‌ കണക്കുമായ്‌ മക്കളെത്തി
അച്ചൻ കണ്ണടക്കട്ടെ,കാത്തുകൂടെ
അന്നേരം പറഞ്ഞതെൻ പേരമക്കൾ
നിങ്ങക്ക്‌ ഭ്രാന്താണു
അന്ത്യാഭിലാഷമയാകെബാക്കി
അവസാനമായ്‌ മക്കളൊന്നു കാണാൻ
ആഗ്രഹം നോവായലതല്ലിയൊപ്പം
ആത്മഗതമായെന്റന്ത്യമൊഴിയും
...................നിക്ക്‌ ഭ്രാന്താണു


Sunday, June 28, 2009

എറണാകുളം സൗത്ത്‌

സൗത്ത്‌ ജങ്ങ്ഷനിലെ
സിമന്റ്‌ തറയിൽ
ഉടുത്തത്‌ അഴിച്ച്‌,പുതച്ച്‌
ഉറങ്ങാനായ്‌ കിടന്നവൾ

സല്യൂട്ടടിച്ച
സബോഡിനേറ്ററോടവളെ ചൂണ്ടി
കയർക്കുന്ന ആർ പി എഫിന്റെ
കലികേട്ടാണു ഞാനവളെ കണ്ടത്‌

സർ,..ഭ്രാന്തി
സ്ഥിരമിവിടെ
സുഖ ശയനം
ശല്ല്യങ്ങളൊന്നുമില്ല

അമർത്തി ചവിട്ടിതിരിഞ്ഞ്‌
അറപ്പിന്റെ അലർച്ച വന്നപ്പഴും
അവളെന്തിനേ ചിരിച്ച്‌
ആർത്താർത്ത്‌..............

മലർന്ന് കിടന്ന് മാറു കണിച്ച്‌
മഞ്ഞപ്പല്ലത്രയും പുറത്തെടുത്ത്‌
മേലാപ്പിലിരിക്കുന്ന കാക്കയോടിച്ചിരി
മാലോകരിലാർക്കാവും, ഭ്രാന്തിക്കല്ലാതെ...........

Thursday, June 25, 2009

വിൽക്കാനുണ്ടോ സമയങ്ങള്‍

അതിരാവിലെ പുറപ്പെടും ബസ്‌ കയറി
അങ്ങാടിയിലെത്താൻഅര മണിക്കൂർ നേരം
ആറുമണിക്കു തുടങ്ങി വൈകുനേരം ആറു മണി വരെ അദ്ധ്വാനം
ആകെ കിട്ടുന്നത്‌ അന്നക്ക്‌ അരി വാങ്ങാനുള്ളത്‌ മാത്രം.
ചെയ്തു തീർക്കാനൊരു പാടുണ്ട്‌.
സ്കൂളിൽ പോകുന്ന മക്കൾക്ക്‌
രോഗം കിടപ്പിലാക്കിയ ഭാര്യക്ക്‌,
നരച്ചു വെളുത്ത അമ്മക്ക്‌
സേവനങ്ങളും സഹായങ്ങളും
പക്ഷെ,
ഇല്ലാത്തത്‌ സമയം മാത്രം.
കുടിച്ചാടി വീടണയുന്ന കുട്ടേട്ടനും
കൂത്താടി ജീവിക്കുന്ന കൂട്ടുകാർക്കും
കൂലം കുത്തിവരുന്ന കൗമാരത്തിനുമായി
ഉറപ്പുണ്ട്‌
പലതും ചെയ്യാനാവും.
ഇല്ലാത്തത്‌ സമയം മാത്രം.
കലുങ്കിലിരുന്ന് കമന്റടിക്കുന്നവരും
ബസ്റ്റാന്റിൽ ബഡായി പറയുന്നവരും
കോട്ടുവായിട്ട്‌ കാറ്റു
കൊള്ളുന്നവരും
വിൽക്കുമോ അവരുടെ സമയങ്ങൾ ...
വിലയെത്രയാണെങ്കിലും ഞാൻ നൽകാം